മധുക്കരയിലെ പുതിയ റോഡ്‌പണി നടക്കുന്ന സ്ഥലത്തു കൂടെ പൊടിപാറിച്ചു കൊണ്ട് ബസ് മുന്നോട്ടു നീങ്ങുന്നു. പുറത്തേക്ക് നോക്കിയാല്‍ കോളേജ് വിട്ടു വരുന്ന സുന്ദരികളെയും അവരെ വയ്നോക്കി നില്‍കുന്ന ചുള്ളന്മാരെയും കാണാം. ഇവിടെ 21 നമ്പര്‍സീറ്റില്‍ ഇരുന്നു കൊണ്ട് ഒരാള്‍ എന്തോ എഴുതുന്നു... അതെ... ഞാന്‍ തന്നെ. അതും ഫോണില്‍...! എന്താ ടെക്നോളജി അല്ലെ...? കുറച്ചപ്പുറത്ത് പ്രത്യേകിച്ചു ജോലിയൊന്നും ഇല്ലാത്ത പിന്തിരിപ്പന്മാര്‍ ശ്രദ്ധിക്കുന്നുണ്ടോ ...? ആ...! ചിലപ്പോ അവര്‍ ചിന്തിക്കുന്നുണ്ടാകും, .. "ഇവന്‍ആര്‍ക്കാ കുത്തിപ്പിടിച്ചിരുന്നു മെസ്സേജ് അയക്കുന്നെ...? ഏതെങ്കിലും പെണ്‍കുട്ടി ആയിരിക്കും. sms ഫ്രീ ആക്കിയ കമ്പനിക്കാരെ വേണം പറയാന്‍..... ഓ അവരെ പറഞ്ഞിട്ടെന്തിനാ...? ഇതിനൊക്കെ മറുപടി അയക്കുന്ന പെണ്‍കുട്ടികളെ പറഞ്ഞാല്‍പോരെ..?"
അതൊന്നും ശ്രദ്ധിക്കാത്ത മട്ടില്‍ ഞാന്‍ പാട്ട് കേള്‍ക്കുന്ന ആ യന്ത്രം അങ്ങെടുത്തു ചെവിയില്‍ തിരുകി. എന്‍റെ ജോലി തുടര്‍ന്നു. ഇത്രേം സാഹസികത കാണിക്കണമെങ്കില്‍ അതിനൊരു കാരണം കാണുമല്ലോ...? അതെ 15 മിനിട്ടുകള്‍ക്ക് മുമ്പ് കണ്മുന്നില്‍കണ്ട ഒന്ന് തികച്ചും വ്യത്യസ്തമായി തോന്നി. അതിപ്പോ തന്നെ എഴുതി വയ്കണമെന്നു തോന്നി... മറവി പണ്ടേ നമ്മുടെ കൂടെപ്പിറപ്പാണല്ലോ..!!! പോകാം ഒരു 15 മിനിറ്റ് പിറകിലേക്ക്... ഉക്കടം ബസ്‌സ്റാന്‍റ്... KSRTC ബസ് മുന്നില്‍ വന്നു നിന്നു. സീറ്റ് ഒരെണ്ണം തിക്കിത്തിരക്കി ഒപ്പിച്ചെടുത്തു. സീറ്റില്‍ ഇരിപ്പുറപ്പിച്ച തൊട്ടടുത്ത നിമിഷം തന്നെ, കേട്ടു…. അടുത്തടുത്തു വരുന്ന ആ ശബ്ദം.... ഞാന്‍ ചെവിയോര്‍ത്തു...! "മൊബൈല്‍ ഫോണ്‍ സോളാര്‍ ചാര്‍ജര്‍...!!!" ബസ്സുകളില്‍ കയറിയിറങ്ങി ചാര്‍ജര്‍ വില്‍ക്കുന്ന ഒരാള്‍. കുടിവെള്ളം കുപ്പിയില്‍ നിറച്ചു അതിനൊരു മാര്‍ക്കറ്റ് വിലയിട്ടു വില്‍ക്കുന്നവന്‍റെയും, അല്ലറ ചില്ലറ ലേഡീസ് ഐറ്റംസ് വില്‍ക്കുന്നവന്‍റെയും ശബ്ദത്തിന്‍റെ കൂടെ, ഇത് മാത്രം വ്യത്യസ്തമായി തോന്നി. അല്ലേലും "യൂത്ത് എപ്പോഴും ടെക്നോളജിയുടെ പുറകെ" എന്നാണല്ലോ വെപ്പ്...!
എന്തായാലും ചോദിക്കാതെ തന്നെ കിട്ടി സാമ്പിള്‍ ഒരെണ്ണം. പാക്കറ്റ് മറിച്ചും തിരിച്ചും നോക്കുന്നതിനിടെ അദ്ദേഹത്തിന്‍റെ ശബ്ദം വീണ്ടും... "ചെക്ക്‌ചെയ്തു നോക്കിക്കോ. നമ്മള്‍ഇതു സ്ഥിരം വില്‍ക്കുന്നതല്ലേ...!!!" കൈയ്യിലുള്ള ഫോണില്‍ തന്നെ കണക്ട് ചെയ്തു നോക്കി.
അത്ഭുതം..!!! ഫോണ്‍ ചാര്‍ജ് ആകുന്നു...! വേറെ ഒന്നും ആലോചിക്കാതെ അതിന്‍റെ വില നല്‍കി ഒരെണ്ണം സ്വന്തമാക്കി. യൂത്ത് ചിന്തയില്ലാതവരും എടുത്തുചാട്ടക്കാരും ആണെന്നാണല്ലോ "വീണ്ടും" വെപ്പ്. (NB: ആരാ ഈ വെപ്പോക്കെ ഇടയ്ക്കു വെക്കുന്നെ എന്നു ഇതുവരെ ചിന്തിച്ചിട്ട് മനസ്സിലായിട്ടില്ല..!" ).
ഈ ചാര്‍ജര്‍ വാങ്ങിയതിനെ പറ്റി പിന്നീട് ചിന്തിച്ചപ്പോള്‍ മനസ്സിലായത് എന്താണെന്നു വെച്ചാല്‍ "വായിക്കാനും ചിന്തിക്കാനും ഉള്ള കഴിവിന്‍റെ കൂടെ ടൈമിംഗ് എന്നു പറയുന്ന ഭയങ്കരന്‍ സംഗതി ഇല്ലെങ്കില്‍ വല്യ പ്രയോജനം ഒന്നും ഉണ്ടാകില്ല" എന്നാണ്. കാരണം സോളാര്‍ ചാര്‍ജര്‍ ആണെങ്കില്‍ പുറത്തു സുര്യപ്രകാശം തട്ടുന്നവിധം സോളാര്‍സെല്‍കാണണ്ടേ...? (പണ്ട് ഹൈസ്കൂളില്‍ പഠിക്കുമ്പോ വിഷ്ണു സാര്‍ പറഞ്ഞു തന്നിട്ടുണ്ട്. അന്ന് ക്ലാസ്സില്‍ ശ്രദ്ധിച്ചിരുന്നു. ഇപ്പോഴോ...? ). പിന്നെങ്ങനെ ഫോണ്‍ റീചാര്‍ജ്‌ആയി...? ഇതില്‍ ഇനി താല്‍കാലിക ബാറ്ററി ഉണ്ടോ..?
ഇതിനെല്ലാം ഉള്ള ഉത്തരം പ്രസ്തുത യന്ത്രത്തിന്‍റെ കവര്‍ഡിസൈനില്‍ വ്യക്തമായി എഴുതിയിട്ടുണ്ടായിരുന്നു. "EMERGENCY CHARGER". അതെ ഉള്ളില്‍ ബാറ്ററി തന്നെ. "പണി പാലുംവെള്ളത്തില്‍ തന്നെ കിട്ടി...!!!" സംഭവം പിടികിട്ടിയപ്പോഴേക്കും ഒരുപാടുപേര്‍ ഈ യന്ത്രം വാങ്ങിയിട്ടുണ്ടായിരുന്നു. ഒന്നും മിണ്ടാനെനിക്കു കഴിഞ്ഞില്ല. ഉള്ളിലെ രോഷം വേറെന്തിനോ വഴിമാറി. അതിനിടെ പിന്‍സീറ്റില്‍ ഇരിക്കുന്ന സുന്ദരിയെന്നു സ്വയം ധരിക്കുന്ന ഒരുവള്‍ കംമെന്‍ടും പാസ്സാക്കി. "ഇതു നാളെ തന്നെ കേടുവരുമോ? തിരിച്ചു ഇവിടെ തന്നെ വരേണ്ടി വരുമോ..? " പുഞ്ചിരിച്ചുകൊണ്ട് അയാള്‍ ഇറങ്ങിപ്പോയി. ആ ചിരിയുടെ അര്‍ത്ഥം എനിക്ക് നന്നായി വായിക്കാന്‍ കഴിയുന്നുണ്ടായിരുന്നു. അയാള്‍ പോയതും എന്‍റെ അടുത്തിരിക്കുന്ന മാന്യ വ്യക്തിയോട് ഞാന്‍ സത്യം പറഞ്ഞു. അദ്ദേഹം എന്‍റെ കൈയില്‍നിന്നും ആ യന്ത്രം വാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ട് എന്‍റെ ബ്രിഹത് സിദ്ധാന്തം ശരിവെച്ചു. അദ്ദേഹം ചോദിച്ചു, "ഇതിപ്പോഴാണോ ശ്രദ്ധിക്കുന്നെ..? അയാള്‍ അകലെയെങ്ങും പോയിക്കാണില്ല.. തൊട്ടടുത്ത ബസ്സില്‍ ഉണ്ടാകും. പോയി നോക്കിക്കുടെ....?" ഞാന്‍ ഒന്നും മിണ്ടിയില്ല... ചിന്തകള്‍ മറിച്ചായിരുന്നു.
ഈ ചതിക്കു നല്‍കിയ വിലയേക്കാളും എന്‍റെ സാമുഹിക ബോധത്തെക്കാളും ഏറെ അയാളെ ഒറ്റിക്കൊടുക്കാതിരിക്കാന്‍ എന്നെ പ്രേരിപ്പിച്ചതു അയാളുടെ പുഞ്ചിരിയില്‍നിന്നും വായിച്ചെടുത്ത ദയനീയാവസ്ഥ ആയിരിക്കാം. ആ കുടുംബത്തിന്‍റെ ഇന്നത്തെ പട്ടിണി മാറ്റാന്‍ ഇതര്‍ഹിക്കുന്നുണ്ടാകം...!!! ഭിക്ഷയെടുത്ത് ജീവിക്കുവാന്‍ അയാള്‍ ശ്രമിച്ചില്ലല്ലോ...!!!
അടുത്തത് ഇനി ബാറ്ററി റീചാര്‍ജബിള്‍ ആണോ എന്ന് കൂടി നോക്കേണ്ട കടമ്പ മാത്രം. ഉത്തരം അറിയാമെങ്കിലും ചിലപ്പോ ഒരു മാറ്റം ഉണ്ടായാലോ...? പണ്ട് ആരോ പറഞ്ഞിട്ടില്ലേ...? " മാറാത്തത് ഒന്നേയുള്ളൂ.... മാറ്റം" എന്ന്.
