Monday, March 19, 2012

Pen Story



                                   "ആ നീല പേന മതി". അതു കേട്ടതും ഒരായിരം കവിതകള്‍ എഴുതിയ സന്തോഷം അവനുണ്ടായി.  അവന്‍ "Reynolds". തനിക്കും ഒരു കൂട്ടുകാരന്‍ ഉണ്ടാകാന്‍ പോകുന്നുവെന്ന സന്തോഷത്താല്‍ അവന്‍ കൂടിനുള്ളില്‍ നിന്നും പുറത്തു ചാടാന്‍ ശ്രമിച്ചു. നന്നായി തെളിയുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനിടയില്‍ അവന്‍ പേരു മനസ്സിലാക്കി. ഉണ്ണി.

             ഉണ്ണി.. ഒരു പ്ലസ്‌ ടു വിദ്യാര്‍ത്ഥി. പിന്നീടുള്ള നാളുകള്‍ ഉത്സവം പോലെ അവനു തോന്നി.  ഇംഗ്ലീഷ് നോട്ടിന്‍റെ പുറകില്‍ പണിക്കര് മാഷിന്‍റെ ചിത്രം വരച്ചപ്പോള്‍ അവനു ചിരിയടക്കാന്‍ കഴിഞ്ഞില്ല. ഉണ്ണിയും കൂട്ടുകാരും ചിരിക്കുന്നുണ്ടായിരുന്നു.  പിന്നീട് ജനലരികിലെ സുന്ദരിക്കായി ഒരു കൊച്ചു പനിനീര്‍ പൂവിന്‍റെ ഗന്ധത്തില്‍ ഒരുപിടി പ്രണയലേഖനങ്ങള്‍.  വൈകുന്നേരം വിയര്‍ത്തു നാറിയ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കിടക്കുമ്പോഴും കടയിലെ പ്ലാസ്റ്റിക്‌ മണക്കുന്ന കൂടിനെക്കാള്‍ ഭേദമായി തോന്നി അവന്. പിന്നീട് പരിചയം ഇല്ലാത്ത ഒരുപാടു കുട്ടികള്‍ക്ക്‌ ഓട്ടോഗ്രാഫായ് പടര്‍ന്നു. അവന്‍റെ കണ്ണുനീരിന്‍റെ നിറമായിരുന്നു അതിന്. പരീക്ഷ കാലത്ത് ഒരാള്‍ കൂടെ വന്നു അവന്‍റെ സ്ഥാനത്ത്‌.  പരീക്ഷയുടെ ദിനങ്ങള്‍ അടുത്തടുത്ത് വന്നു. ഉത്തരങ്ങളായി പ്രവഹിക്കുവാന്‍ തയ്യാറെടുത്തു കഴിഞ്ഞിരുന്നു അവനപ്പോഴേക്കും. ആദ്യത്തെ പരീക്ഷ കഴിഞ്ഞപ്പോള്‍ വളരെ സന്തോഷത്തിലായിരുന്നു ഉണ്ണി. അത് കണ്ടു അവനും സന്തോഷമായി. കണക്കു പരീക്ഷയുടെ അന്നു തന്നിലെ നിറങ്ങള്‍ വറ്റി എന്ന് ഉണ്ണിയെ പോലെ അവനും മനസ്സിലാക്കുകയായിരുന്നു. അവന്‍ ആഞ്ഞു വരഞ്ഞു നോക്കി. ഇല്ല. കടലാസ് ഉരഞ്ഞു തുടങ്ങിയിരുന്നു അപ്പോഴേക്കും. അവന്‍ ഒന്നും മിണ്ടാനാകാതെ ബോക്സിനുള്ളിലേക്ക്‌ ഇരുന്നു. ആ ഇരുട്ടില്‍ അവന്‍ കരയുന്നതു ആരും കണ്ടില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ബോക്സിനുള്ളിലേക്ക് വീണ്ടും പ്രകാശം പരന്നു. പിന്നീട് അവന്‍റെ സ്ഥാനം ക്ലാസ്സിലെ ചവറ്റു കുട്ടയിലായി. തന്നെ വിട്ടു നടന്നകലുന്ന ഉണ്ണിയോടായി അവന്‍ പറഞ്ഞു. 


"വേര്‍പാടിന്‍റെ രുചി നീ അറിയരുതേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാം"




No comments:

Post a Comment